Spread the love

ലോകത്തിലെ പ്രധാന ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പുതിയ സീസണിലേക്ക് ടീമുകള്‍ക്ക് താരങ്ങളെ കണ്ടെത്താനുള്ള ലേലം 25ന് ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. വിദേശ താരങ്ങളെ പോലെ ഇന്ത്യന്‍ താരങ്ങള്‍ക്കും വലിയ പ്രധാന്യം കൈവരുന്ന ലേലത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ പങ്കുവെച്ച അഭിപ്രായപ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇന്ത്യ പേസര്‍ ആയ മുഹമ്മദ് ഷമിയെ കുറിച്ചായിരുന്നു മഞ്ജരേക്കറിന്റെ അഭിപ്രായ പ്രകടനം. ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ ഇന്ത്യയുടെ തന്നെ മറ്റൊരു പേസര്‍ ആയ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞ്. എന്നാല്‍ ഈ അഭിപ്രായ പ്രകടനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷെമി.

”കുറച്ചൊക്കെ ശ്രദ്ധ സ്വന്തം ഭാവിയിലേക്കും ബാക്കി വെയ്ക്കൂ സഞ്ജയ് ജി. ആവശ്യം വരും… ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സാറിനെ സമീപിക്കുക” – ഇതായിരുന്നു ഷമി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മഞ്ജരേക്കറിന്റെ ഷമിയെ കുറിച്ചുള്ള അഭിപ്രായപ്രകടനം. ഷമി കഴിവുള്ള താരമാണെന്നും മികച്ച ബൗളറാണെന്നുമൊക്കെ പറഞ്ഞതിന് ശേഷമായിരുന്നു മഞ്ജരേക്കര്‍ ഐപിഎല്‍ ലേലത്തില്‍ താരത്തിന്റെ മൂല്യം കുറയുമെന്ന കാര്യം കൂടി പറഞ്ഞത്. 2023 ഐപിഎല്ലില്‍ മുഹമ്മദ് ഷമിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2024-ലെ ടി 20 ലോകകപ്പും താരത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന തരത്തില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മികച്ച പ്രകടനമായിരുന്നു മുഹമ്മദ് ഷമിയുടേത്.

About The Author