Spread the love

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്ന കാലമാണ്. ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ നഷ്ടമായിട്ട് അധികമായിട്ടില്ല. പൊലീസെന്നും ഇഡിയെന്നും പറഞ്ഞ് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്നാൽ സിബിഐ സംഘമെന്ന പേരിൽ ഡിജിറ്റൽ അറസ്റ്റുമായി തട്ടിപ്പുകാർ വിലസി തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ലഖ്‌നൗവിലെ കവി നരേഷ് സക്സേനയെ ആറ് മണിക്കൂറാണ് സിബിഐ സംഘമെന്ന് ചമഞ്ഞ് തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിൽ നിർത്തിയത്. കള്ളപ്പണ ഇടപാട് കേസിൽ പ്രതിയാണെന്ന് പറഞ്ഞാണ് കവിയെ കബളിപ്പിച്ചത്. തങ്ങൾക്ക് പണം നൽകിയാൽ 24 മണിക്കൂറിനുള്ളിൽ വിട്ടയക്കാമെന്ന് ഈ അറസ്റ്റിനിടെ കവിക്ക് വാഗ്ദാനം നൽകി. തട്ടിപ്പാണെന്ന് പിന്നീട് തെളിഞ്ഞ ഈ സംഭവത്തിൽ ബാക്കിയായ ചോദ്യം ഡിജിറ്റൽ അറസ്റ്റ് എന്താണെന്നാണ്.

തട്ടിപ്പുസംഘങ്ങൾ ഇപ്പോഴുപയോഗിക്കുന്ന ഒരു കെണിയാണ് ഈ ഡിജിറ്റൽ അറസ്റ്റ്. വ്യക്തികളെ തട്ടിപ്പ് കേസിൽ അകപ്പെട്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ളതാണ് ഇത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദം, വീഡിയോ കോൾ വഴി അന്വേഷണ ഏജൻസിയിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുക. പിന്നീട് ആധാറും ഫോൺ ന്പറും ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നും പ്രതികളിലൊരാളാണെന്നും പറഞ്ഞ് ഭയപ്പെടുത്തും. വ്യക്തിയോട് വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ട് മണിക്കൂറകളോളം തടഞ്ഞുവെക്കും. ഇതാണ് ഡിജിറ്റൽ അറസ്റ്റ്. ഇങ്ങനെ വീഡിയോ കോളിൽ തുടരുമ്പോൾ മാനസിക സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന വ്യക്തിയോട് കേസ് ഒഴിവാക്കി തരണമെങ്കിൽ പണം നൽകണമെന്ന് വളരെ സ്വാഭാവികമെന്നോം സൂചിപ്പിക്കും. ചിലർ ഭയന്ന് പണം നൽകും. പണം ലഭിക്കുന്നത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ ഇത്തം സംഘങ്ങൾക്ക് പ്രോത്സാഹനവുമാണ്.

നാർക്കോടിക്സ് ഉൽപ്പന്നങ്ങൾ അടങ്ങിയ പാർസൽ ലഭിച്ചു, വ്യാജ പാസ്പോർട്ട് ലഭിച്ചു തുടങ്ങി പല കഥകളും മെനഞ്ഞാണ് തട്ടിപ്പുകാർ ഓരോരുത്തരെയും വിളിക്കുന്നത്. എന്നാൽ ഈ ചതിക്കുഴികളെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് ആദ്യമേ മനസിലാക്കി വെക്കുക.

അപ്രതീക്ഷിതമായി രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ഫോൺ കോൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രം ഇടപെടുക. കേസെന്നും അറസ്റ്റെന്നും പറയുന്നത് കേട്ട് ആ സമയത്ത് യാതൊരു കാരണവശാലും ഭയപ്പെടരുത്. വിവേകത്തോടെ ചിന്തിച്ച് മാത്രം മറുപടി നൽകുക. വ്യക്തി വിവരങ്ങൾ ഒന്നും തന്നെ കൈമാറാതിരിക്കുക. പ്രത്യേകിച്ച് ആധാർ കാർഡ് നമ്പർ, പാൻ കാർഡ് പോലുള്ള വിവരങ്ങൾ. പണം യാതൊരു കാരണവശാലും നൽകരുത്. സംശയം തോന്നുന്ന ഇത്തരം കോളുകൾ അപ്പോൾ തന്നെ പൊലീസിനെയോ മറ്റ് ഏജൻസികളെയോ വിളിച്ച് അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും 1930 എന്ന നമ്പറിലും വിളിച്ച് ഏത് സമയത്തും വിവരങ്ങൾ കൈമാറാവുന്നതാണ്.

About The Author