Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്നലെയും ഇന്നുമായി ലേലം നടക്കുകയാണ്. ഞായറാഴ്ച നടന്ന ലേലത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി എത്തുകയായിരുന്നു മലയാളി കൂടിയായ കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റര്‍ ദേവ്ദത്ത് പടിക്കല്‍. രണ്ട് കോടി അടിസ്ഥാന വിലയിട്ട ദേവ്ദത്ത് പടിക്കലിനെ ഏറ്റെടുക്കാന്‍ ടീമുകളിലാരും തയ്യറായില്ല. നിലവില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് ദേവ്ദത്ത്. ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി. ഇതോടെ ലോങസ്റ്റ് ഡക്കുകളുടെ പട്ടികയില്‍ നാലാമനായി മാറി ദേവ്ദത്ത് പടിക്കല്‍. രണ്ടാം ഇന്നിങ്സിലാകട്ടെ 71 പന്തുകള്‍ നേരിട്ടിട്ടും 25 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തം പേരിലാക്കാനായത്.

2020-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഇടം കണ്ടെത്തിയാണ് ദേവദത്ത് തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സീസണില്‍ 15 മാച്ചുകളില്‍ നിന്ന് 473 റണ്‍സ് നേടിയ താരം സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2021-ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ സെഞ്ചുറി സ്വന്തമാക്കി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ മാറ്റം അടുത്ത സീസണിലെ താരലേലത്തില്‍ പ്രകടമായിരുന്നു. 2022-ലേക്കുള്ള ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ദേവ്ദത്ത് പടിക്കലിനെ സ്വന്തമാക്കിയത്. ഈ സീസണില്‍ ഐ.പി.എല്ലില്‍ ആയിരം റണ്‍സ് തികച്ച ബാറ്റര്‍ 2024-ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തി. എന്നാല്‍ ലഖ്‌നൗ ടീമില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിനായില്ല. 2024 സീസണില്‍ 38 റണ്‍സ് മാത്രമായിരുന്നു താരം സ്വന്തമാക്കിയത്.

2025-സീസണിലേക്കുള്ള താരലേലത്തില്‍ ഞായറാഴ്ച്ച ആരും ഏറ്റെടുക്കാനില്ലാതായ രണ്ടാമത്തെ താരം ഡേവിഡ് വര്‍ണര്‍ ആയിരുന്നു. വാര്‍ണര്‍ക്കും രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. എന്നാല്‍ ആരും കൈ പൊക്കാതിരുന്നതോടെ അണ്‍സോള്‍ഡ് പട്ടികയിലേക്ക് പോകുകയായിരുന്നു. വില്‍ക്കപ്പെടാത്ത താരങ്ങളെ ഏറ്റവും അവസാനം ഒരു വട്ടം കൂടി ലേലത്തിനെടുക്കും.

About The Author