ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം കനക്കുന്നു. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പിലെന്ന് ധർമ്മജൻ ബോൾഗാട്ടി ഓർമിപ്പിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ് എന്ന് മറക്കരുതെന്നും പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെയെന്നും ധർമ്മജൻ ബോൾഗാട്ടി തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ”….
29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണ്. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെക്കുറിച്ചുള്ള ആശങ്കയാണ് താൻ പങ്കുവെക്കുന്നത്. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.