ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയതത് പോരാളി ഷാജി എന്ന പേജിന്റെ ഉടമ വഹാബാണെന്നും പൊലീസ് കണ്ടെത്തി.
റെഡ് എൻകൌണ്ടർ, റെഡ് ബെറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടിങ്ങിയ ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എൻകൌണ്ടർ ആണെന്നും പോലീസ് കണ്ടെത്തി. ഇതിന്റെ അഡ്മിൻ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തെങ്കിലും ഉറവിടം അറിയില്ലെന്നായിരുന്നു മറുപടി.
പിന്നാലെ പോസ്റ്റ് ചെയ്തത് പോരാളിഷാജിയാണ്. ഇതിന്റെ അഡ്മിൻ വഹാബിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും ഉറവിടം കണ്ടെത്താനായില്ല. ഇതിനു പുറമേ, വിവിധ ഇടത് പേജുകളുടെ അഡ്മിൻമാരായ മനീഷ്, അമൽ റാം എന്നിവരേയും ചോദ്യം ചെയ്തു. എല്ലാവരുടേയും മൊബൈൽ ഫോണുകൾ വിദഗ്ദ പരിശോധനക്ക് അയച്ചെന്നും ഇതിന്റെ ഫലം വന്നാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിവാദത്തിൽ മെറ്റ കമ്പനിയെ പ്രതി ചേർത്ത് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി. വിവരങ്ങൾ കൈമാറാത്തതിനാണ് നടപടി.