പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പരാജയം വിശമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ആത്മപരിശോധനയുടെ വേദിയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു.
തെറ്റുകൾ തിരുത്തി ശക്തമായി ബിജെപി മുന്നോട്ടുപോകുമെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി. അടിസ്ഥാന വോട്ടുകൾ നിലനിർത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിൽ മൂവായിരം വോട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ജനകീയ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാജയം തിരിച്ചടിയല്ല. ബിജെപിയുടെ സിറ്റിങ് സീറ്റ് നഷ്ട്ടപ്പോലെയാണ് എല്ലാവരും ആഘോഷിക്കുന്നത്. ഇതിൽ നിരശാരാകില്ല. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് വരുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
39,243 വോട്ടാണ് ബിജെപിക്ക് പാലക്കാട് നേടാൻ കഴിഞ്ഞത്. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തില്‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.