Spread the love

വൈദ്യുത ബില്ലടക്കാൻ ഫോൺ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ യുവാവ് ഓഫീസിലെത്തി മർദിച്ചു. മലപ്പുറം വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് വണ്ടൂർ സ്വദേശി സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാൽ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കും എന്നും മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി നേരെകെഎസ്ഇബി ഓഫീസിലെത്തി. പിന്നാലെ ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പിറകിൽ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

തടയാൻ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനിൽ ബാബുവിന്റെ കഴുത്തിനും പുറത്തും മർദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

About The Author