യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് മുന്നേറ്റം. 12 മണിവരെയുള്ള കണക്കുകൾ അനുസരിച്ച് ഒൻപത് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നിലാണ്. മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടിയാണ് മുന്നിൽ.
മീരാപൂർ (മുസാഫർനഗർ), കുന്ദാർക്കി (മൊറാബാദ്), ഗാസിയാബാദ്, ഖൈർ (അലിഗഢ്), കർഹാൽ (മെയിൻപുരി), സിസാമാവ് (കാൺപൂർ നഗർ), ഫൂൽപൂര് (പ്രയാഗ് രാജ്), കതേഹാരി(അംബേദ്കർനഗർ), മജ്ഹാവൻ(മിർസാപൂർ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കുന്ദാർക്കിയിൽ ബിജെപിയുടെ രാംവീർ സിംഗ്, ഗാസിയാബാദിൽ സഞ്ജീവ് ശർമ്മ, ഖൈർ മണ്ഡലത്തിൽ സുരേന്ദർ ദിലെർ, സിസമാവിൽ സുരേഷ് അശ്വാസ്തി, ഖതേഹാരിയിൽ ധർമ്മരാജ് നിഷാദ്, മജ്ഹാവനിൽ ഷുചിസ്മിത മൗര്യ എന്നിവരാണ് മുന്നിൽ.
മറുവശത്ത്, സമാജ്‌വാദി പാർട്ടിയുടെ തേജ് പ്രതാപ് സിംഗ്, നസീം സോളങ്കി, ശോഭാവതി വർമ എന്നിവർ യഥാക്രമം കർഹാൽ, സിഷാമൗ, കതേഹാരി സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 2022 ലെ തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ നാലെണ്ണത്തിൽ മാത്രമാണ് ബിജെപി വിജയിച്ചിരുന്നത്. 2022 ൽ നാല് സീറ്റുകളിൽ സമാജ് വാദി പാർട്ടിയും മീരാപൂര് സീറ്റിൽ രാഷ്‌ട്രീയ ലോക്ദളുമായിരുന്നു വിജയിച്ചത്.
യുപി നിയമസഭയിൽ ബിജെപിക്ക് നിലവിൽ 251 സീറ്റുകളാണുളളത്. സമാജ് വാദി പാർട്ടിക്ക് 105 സീറ്റുകളുമുണ്ട്.11 വനിതകളടക്കം 90 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.