Spread the love

കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്.

നിശ്ചിത പരിധിയിൽ അധികം ഫോളോവേർസുള്ള യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബിൽ പാസായി ഒരു മാസത്തിനുള്ളിൽ കേന്ദ്രസർക്കാരിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടി വരും. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്,ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ത്രിതല റെഗുലേറ്ററി സംവിധാനത്തിൻ്റെ കീഴിലാക്കും.

ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സ്വന്തം നിലയിൽ ഉള്ളടക്കം സംബന്ധിച്ച് ആഭ്യന്തര പരിശോധന നടത്തുന്നതിന് സമിതിയെ വെക്കേണ്ടി വരും. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിൽ വെളിപ്പെടുത്താത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് ക്രിമിനൽ നടപടിക്രമം ബാധകമാകും. വാർത്തകൾ പങ്കുവെക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ബിൽ പാസായി ഒരു മാസതത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇവരെയും ത്രിതല റെഗുലേറ്ററി സംവിധാനത്തിൻ്റെ കീഴിലാക്കും.

ബില്ലിൻ്റെ കരട് ബ്രോഡ്‌കാസ്റ്റർമാർ, അസോസിയേഷനുകൾ, സ്ട്രീമിങ് സർവീസ് കമ്പനികൾ, പ്രധാന ടെക് കമ്പപനികൾ എന്നിവയുടെ അഭിപ്രായം തേടാനായി കൈമാറിയിട്ടുണ്ട്. ഓരോ പേർക്കും ചോർച്ച തടയുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത കോപ്പിയാണ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ബില്ല് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കായി കൈമാറിയിരിക്കുന്നത്.

പെയ്ഡ് സബ്സ്ക്രിപ്ഷനുള്ള പരസ്യ വരുമാനം സ്വീകരിക്കുന്ന യൂട്യബ്, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർ വാർത്തകളോ സമകാലിക സംഭവങ്ങളോ സംബന്ധിച്ച് ഉള്ളടക്കം പങ്കുവെക്കുന്നവരാണെങ്കിൽ ഇവരെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്‌കാസ്റ്റേർസായി കണക്കാക്കും. അല്ലാതെയുള്ള കണ്ടൻ്റ് ക്രിയേറ്റർമാർ ലൈസൻസുള്ള കണ്ടൻ്റോ ലൈവ് വീഡിയോയോ സോഷ്യൽ മീഡിയ അല്ലെങ്കിൽ വെബ്സൈറ്റ് വഴി പങ്കുവെച്ചാൽ അവരെ ഒടിടി ബ്രോഡ്‌കാസ്റ്റർ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുക. ഇന്ത്യൻ പൗരത്വമുള്ള വ്യക്തി എന്നതിന് പകരം വ്യക്തി എന്ന മാത്രമാണ് ബില്ലിൽ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ലോകത്തെ എല്ലാ സോഷ്യൽ മീഡിയാ കണ്ടൻ്റ് ക്രിയേറ്റർമാർക്കും നിയമം ബാധകമാകും.

കണ്ടൻ്റുകളിൽ പരസ്യങ്ങൾ നൽകുന്ന ഗൂഗിൾ, മെറ്റ, ആമസോൺ, ഫ്ലിപ്‌കാർട് പോലുള്ളവരെ അഡ്വൈർടൈസ്‌മെൻ്റ് ഇൻ്റർമീഡിയറി എന്ന വിശേഷണത്തിന് കീഴിൽ ഉൾപ്പെടുത്തി നിയമം വഴി നിയന്ത്രണങ്ങൾക്ക് കീഴിലാക്കാനും ബില്ലിൽ ശ്രമമുണ്ട്. ഐടി ആക്ടിൽ പറഞ്ഞിരിക്കുന്ന പല ചട്ടങ്ങളും ഇതിലും ബാധകമാണെന്നാണ് വിവരം. എന്നാൽ ഈ ബില്ല് നിലവിൽ വരുന്നതോടെ ഐടി ആക്ടിൻ്റെ പ്രസക്തി നഷ്ടപ്പെടും.

About The Author