Spread the love

ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് താരങ്ങള്‍ പുറത്തായിട്ടും ഏകപക്ഷീയമായ ഒരു ഗോളിന് വിജയം കൈപ്പിടിയിലൊതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ കളിക്കാനിറങ്ങിയ കേരളം അവസാനം നിമിഷം വരെ പഞ്ചാബിനെ കൊണ്ട് ഗോളടിപ്പിച്ചില്ല. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്ന് മൊറോക്കന്‍ താരം നോവ സദൂയിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഞായറാഴ്ചത്തെ പോരാട്ടത്തില്‍ ജയിച്ചെ തീരൂ എന്നതായിരുന്നു അവസ്ഥ. 42-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നോവ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്‌തെയ് ഫൗള്‍ ചെയ്തതിനാണു റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുക്കാനെത്തിയ സദൂയി ഈസിയായി പന്ത് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ ലീഡ് ആയി. സ്‌കോര്‍ 1-0 ഗോളിന് മുന്നിലെത്തി.

രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന് പ്രതികൂലമായ . 57ാം മിനിറ്റില്‍ പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍കിച്ച് രണ്ടാം യെല്ലോ കാര്‍ഡ് കണ്ടു പുറത്തായി. 74ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അയ്ബന്‍ബ ഡോലിങ്ങും ചുവപ്പു കാര്‍ഡ് കണ്ടു. ലിയോണ്‍ അഗസ്റ്റിനെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനായിരുന്നു റഫറിയുടെ നടപടി. ഇതോടെ അവസാന 15 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഒന്‍പതു പേരുമായി കളിക്കേണ്ടിവന്നു. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി റഫറി നല്‍കിയത്. അവസരം മുതലാക്കി സമനില പിടിക്കാന്‍ പഞ്ചാബ് പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോളി സച്ചിന്‍ സുരേഷും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. പതിനഞ്ച് മത്സരങ്ങളില്‍ നിന്നായി കേരള ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുകള്‍ നേടി ഒന്‍പതാം സ്ഥാനത്താണ്.13-ന് ഒഡിഷക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

About The Author