മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാക്കള്‍. ഷാജി ഇതും ഇതിന്റെ അപ്പുറവും പറയുമെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭാംഗത്വം നഷ്ടപ്പെട്ടയാളാണ് ഷാജിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തെ കൂട്ടുപിടിക്കുന്ന വൃത്തികെട്ട ഗൂഢാലോചനയാണ് ഷാജി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജിയോടൊന്നും മുസ്ലിം ലീഗുകാര്‍ പോലും യോജിക്കില്ല. മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടേയില്ല. രാഷ്ട്രീയ നേതാവിനോടുള്ള വിമര്‍ശനം മാത്രമാണ് നടത്തിയത് – എ കെ ബാലന്‍ വ്യക്തമാക്കി.
കെ.എം ഷാജി നാവടക്കി ഇരിക്കുന്നതാണ് നല്ലതെന്ന് എ എ റഹിം പറഞ്ഞു. ഷാജിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും ഷാജി നാക്കിന് ലൈസന്‍സ് ഇല്ലാത്തയാളെന്നും വിമര്‍ശനമുണ്ട്. ഇത്രയും കാലം ജമാ അത്തെ ഇസ്ലാമിക്ക് എതിരെ പറഞ്ഞല്ലോ. അന്തസുണ്ടെങ്കില്‍ പോയി സതീശനോട് പറയൂ. ഷാജി നാവിനെ നിയന്ത്രിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഷാജി മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ വരേണ്ട – എ എ റഹിം വ്യക്തമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി.
ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.