Spread the love

യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി തിയറ്ററുകളിലെത്തി സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ ‘കാന്താര’. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രശംസ നേടിയ ഈ സിനിമയുടെ ടീം വീണ്ടും കാന്താരയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്. റിഷബ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള അപ്‌ഡേറ്റ് വീഡിയോ ഹോംബാല ഫിലിംസ് അവരുടെ യൂട്യൂബിലൂടെ പുറത്തു വിട്ടു. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസറും വൻ ഹിറ്റായിരുന്നു.

റിഷബ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘കാന്താര’ നിർമ്മിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ഈ വമ്പൻ ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയിലുള്ളത്.

‘കാന്താര എ ലെജൻഡ്’ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. 2022ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് .കേരളത്തിലും ‘കാന്താര’ വൻ വിജയമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ‘കാന്താര എ ലെജൻഡ്’ കന്നഡയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുഗു, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ റിലീസ് ചെയ്യും.

കാന്താരയുടെ നൂറുദിന ആഘോഷത്തിൽ വച്ച് തന്നെയാണ് ‘കാന്താര എ ലെജൻഡ്’ വരുമെന്ന് ടീം പ്രഖ്യാപിച്ചത്. കാന്താരയുടെ ചിത്രീകരണ സമയത്ത് തന്നെ രണ്ടാം ഭാഗത്തിന്റെ ആശയം ഉണ്ടായിരുന്നു എന്നാണ് റിഷബ് ഷെട്ടി അന്ന് പറഞ്ഞത് .

ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര അണിയിച്ചൊരുക്കിയത്. അതിമനോഹരമായ ദൃശ്യങ്ങൾ, ചടുലമായ പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. കാന്താരയുടെ രണ്ടാം ഭാഗം പുറത്തുവരാൻ കാത്തിരിക്കുകയാണ് ആരാധകർ.

About The Author