Spread the love

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും.

പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടുത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്. ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തും വിഷുവിന്റെ സമയത്ത് ഒരാഴ്ചയുമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുക. സാധാരണ പോസ്റ്റ് ഓഫീസ് സീലിൽ നിന്നും വ്യത്യസ്തമായി അയ്യപ്പ വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയച്ചു നൽകാൻ ഭക്തർ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നത് പതിവാണ്.

മണ്ഡലകാലം കഴിഞ്ഞാൽ സീൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. അടുത്ത ഉത്സവ കാലത്താകും ഇത് വീണ്ടുമെടുക്കുക. അയ്യപ്പന് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓർഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്.

About The Author