Spread the love

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.

അതേസമയം രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആ​ഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു.

വയനാട്ടിൽ പ്രിയങ്കാ ​ഗാന്ധിയുടെ തേരോട്ടമാണ് നടക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിലേക്ക് പ്രിയങ്കയുടെ ലീഡ് ഉയർന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നിൽ. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യു ഡി എഫ്.വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കൃത്യമായ ലീഡാണ് പ്രിയങ്ക ഗാന്ധി നിലനിർത്തുന്നത്. ഏഴ് മാസത്തെ ഇടവേളയിൽ തെര‍ഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങിൽ 8.76 ശതമാനം കുറവാണ് വന്നത്.

About The Author