Spread the love

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 14345 വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്തെത്തി.

ജനമനസുകൾ കീഴടക്കിയ ജനനായകൻ രാഹുൽ മാങ്കൂട്ടത്തിൽ എന്ന പോസ്റ്ററും സിദ്ദിഖ് പങ്കുവച്ചു. ഈ വിജയം കേരളത്തിന്റെ മതേതരത്വത്തിന്റെ വിജയമാണ്. സകല വർഗ്ഗീയ കാളകൂട വിഷങ്ങളെയും വിഷയങ്ങളെയും ജനം തൂത്തെറിഞ്ഞു. സിപിഐഎമ്മിന്റെ അവസാന നിമിഷത്തിലെ വർഗ്ഗീയ പരസ്യം ചരിത്രത്തിൽ ഒരു പാഠമായി നില നിൽക്കുമെന്നും സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.

എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. വമ്പൻ വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.

About The Author