ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നുവെന്ന് മന്ത്രി വിമർശിച്ചു.
പരസ്പരം കുറ്റം പറയാതിരിക്കാനുള്ള ഗുളിക വരെ യുഡിഎഫും ബിജെപിയും കഴിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്.
വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് കൃത്യമായ ലീഡ് നേടാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മൂന്നാം സ്ഥാനത്താണ് സരിൻ. പാലക്കാട് തിരിച്ചുപിടിക്കുമെന്ന എൽഡിഎഫിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടിയാണുണ്ടായത്.