മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിനായുള്ള കടുംപിടുത്തം മതിയാക്കി ഏക്നാഥ് ഷിൻഡെ . ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് ഷിൻഡെ പറഞ്ഞു. ഇതോടെ ദേവേന്ദ്ര ഫഡ്ണവിസിന്റെ പേര് നാളെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിക്കുന്ന പ്രതിപക്ഷം ഇവിഎമ്മിനെതിരായ പ്രതിഷേധം ശക്തമാക്കും.
മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വാർത്താ സമ്മേളനം.നരേന്ദ്രമോദിയുമായി ഇന്നലെ സംസാരിച്ചു. മുന്നണിയിൽ താനൊരു തടസമാവില്ലെന്നും മോദിയും അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഷിൻഡെ പറയുന്നു.
നാളെ ഫഡ്നാവിസ്, ഏക്നാഥ് ശിൻഡെ, അജിത് പവാർ എന്നിവർ ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. പിന്നാലെ ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയും സംസ്ഥാനത്ത് പ്രധാനപ്പെട്ട ചില വകുപ്പുകളും ഷിൻഡെക്ക് വാഗ്ദാനം നൽകിയെന്നാണ് വിവരം. വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിൽ ഇവിഎം തട്ടിപ്പ് നടന്നെന്ന ആരോപണം പ്രതിപക്ഷം തുടരുകയാണ്.ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികർജുൻ ഖാർഗെ തുടങ്ങിയ ഇവിഎം ഛോടോ അഭിയാൻ ക്യാമ്പയിൻ വരും ദിവസങ്ങളിൽ ശക്തമാക്കും. സംസ്ഥാനതലത്തിലും ദേശീയതലത്തിലും പ്രതിഷേധത്തിന് ഒരുങ്ങാൻ ഉദ്ധവ് താക്കറെ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പോളിംഗ് ബൂത്തുകൾക്ക് സമീപം വൈഫൈ ഉള്ള വാഹനങ്ങൾ പൊലീസ് നിർത്തിയത് സംശയകരമെന്ന് ഉദ്ധവ് വിഭാഗം നേതാവ് അംബാ ദാസ് ധൻവെ ആരോപിച്ചു.
കോൺഗ്രസിന് പിന്നാലെ എൻസിപി ശരദ് പവർ വിഭാഗവും വിവിപാറ്റ് സ്ലിപ്പുകൾ എന്നാൽ തീരുമാനിച്ചു. ഇവിഎം ക്രമക്കേടിനെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാൻ ശരദ് പവാർ സ്ഥാനാർഥികളോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഓരോ നിയമ സംഘങ്ങളെയും നിയോഗിക്കും.