Spread the love

സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രാഥമിക അന്വേഷണത്തിൽ വിവിധ ജീവനക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ നടപടി എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പെൻഷൻ തുക തട്ടിയെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി.

ധന വകുപ്പ്‌ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇൻഫർമേഷൻ കേരള മിഷൻ ആണ് പരിശോധന നടത്തിയത്. കോളേജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നു. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽ‌കി.

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. അനർഹരായവരെ ഒഴിവാക്കാൻ തീരുമാനിച്ചു. പരിശോധന തുടരാനും തീരുമാനം.

About The Author