Spread the love


ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ് സ്വീകരിക്കണമെന്നും കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും താന്‍ അഭ്യര്‍ത്ഥിക്കുന്നതായി രാഹുല്‍ ഈശ്വര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഹണിയുടെ വസ്ത്രധാരണം കുറച്ചുകൂടി മാന്യമാകണമെന്ന് തനിക്ക് അഭിപ്രായമുണ്ട്. ഇത് താന്‍ മാത്രമല്ല ഹണി റോസ് ചില വള്‍ഗറായ ആംഗിളുകള്‍ സ്വയം പ്രമോട്ട് ചെയ്യുന്നുവെന്ന് സിനിമാ രംഗത്തുനിന്നുള്ള ഒരു നടിയും ജനങ്ങളും പറയുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. ( rahul easwar replay to honey rose)

രാഹുല്‍ ഈശ്വറിനെതിരായ ഹണി റോസിട്ട ഫേസ്ബുക്ക് പോസ്റ്റിനും രാഹുല്‍ മറുപടി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ തന്നെ ഡ്രസ് കോഡുണ്ടെന്നും സിനിമാ തിരക്കുകള്‍ കൊണ്ട് ഹണി വാര്‍ത്തകളൊന്നും ശ്രദ്ധിക്കാത്തതാകാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വാക്കുകളില്‍ മാത്രമല്ല വസ്ത്രത്തിലും മാന്യമായതും അശ്ലീലമായതുമുണ്ട്. മാന്യമായ വേഷമായ സാരി ടിപ്പ് ടിപ്പ് ബര്‍സാ പാനിയിലെ പോലെ ധരിച്ചാല്‍ പ്രശ്‌നമല്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ഏത് വസ്ത്രം ധരിക്കണമെന്ന് ജനങ്ങളല്ലല്ലോ ഹണി റോസല്ലേ തീരുമാനിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സിവിക് ചന്ദ്രന്റെ കേസില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നായിരുന്നില്ലേ കോടതിയുടെ നിരീക്ഷണമെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ മറുപടി. ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സുകളില്‍ കാണാം. നാളെ ഹണി റോസിന്റെ റേച്ചല്‍ എന്ന സിനിമ ഇറങ്ങാന്‍ പോകുകയാണെന്നും അതിന് ആശംസകള്‍ നേരുന്നതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസിനെ തനിക്ക് വലിയ ഇഷ്ടവും ബഹുമാനവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

About The Author