മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ( P V anvar MLA arrested)
ഞാനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. നിയമത്തിന് കീഴടങ്ങുകയാണ്. ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ കാണിച്ചുകൊടുക്കാം. അറസ്റ്റിന് ശേഷം പി വി അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍വറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃത നടപടിയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളുമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.