Spread the love

ഇക്കഴിഞ്ഞ 15ന് രോഹിതിനും ഭാര്യ റിതികക്കും ആണ്‍കുഞ്ഞ് പിറന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ കുഞ്ഞിനൊപ്പം കഴിയേണ്ടതുണ്ടെന്ന ചിന്തയില്‍ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിച്ചേക്കില്ല. എന്നാല്‍ പരമ്പരയിലെ രണ്ടാം മത്സരം മുതല്‍ രോഹിത് ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ മാസം 22ന് പെര്‍ത്തിലെ ഓപ്റ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം രാജ്യത്തിന് പുറത്ത് നടക്കുന്ന മത്സരമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രോഹിതിന് പകരം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയായിരിക്കും ടീമിനെ നയിക്കുക.

ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ കളിക്കാനുണ്ടാവില്ലെന്ന കാര്യം വളരെ നേരത്തെ തന്നെ രോഹിത് ടീം മാനേജ്മെന്റിനെയും ബി.സി.സി.ഐയെയും അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യസംഘം പുറപ്പെടുന്നതിന് മുന്നോടിയായി മുംബൈയില്‍ നടത്തിയ പ്രസ് മീറ്റില്‍ ഇക്കാര്യം ടീം അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേ സമയം രോഹിത് ടീമിനൊപ്പം യാത്രചെയ്യാത്തതിനെതിരായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായ പ്രകടവും വന്നിരുന്നു. താനായിരുന്നെങ്കില്‍ മത്സരം ഒഴിവാക്കില്ലെന്നും ഓസ്ട്രേലിയയിലേക്ക് പോകുമെന്നുമായിരുന്നു മുന്‍ ഇന്ത്യന്‍താരം പറഞ്ഞത്. അതേ സമയം ഡിസംബര്‍ നാല് മുതല്‍ അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിനൊപ്പം ഉണ്ടാകും.

About The Author