നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് വൈകിയത്. സ്ത്രീകളും കുട്ടികളും അടക്കം 344 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തീകരിച്ച് 11 മണിക്ക് ശേഷം വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ച യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു വിമാനം എത്തുന്നത് വരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മറ്റൊരു വിമാനം ഉടന്‍ തന്നെ സജ്ജമാക്കി യാത്രക്കാരെ അതിലേക്ക് മാറ്റുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. 11 മണി മുതല്‍ യാതൊരു ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയാണെന്നുമാണ് യാത്രക്കാരുടെ പരാതി. ആഹാരത്തിന് പണം വാങ്ങിയിട്ടും പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ പട്ടിണിക്കിടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് യാത്രക്കാര്‍ പറഞ്ഞു.