Spread the love

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും ഗവൺമന്റ്‌ രഹസ്യരേഖകൾ കൈവശം വെച്ചെന്ന കേസുമാണ് പിൻവലിക്കുന്നത്.

പ്രസിഡന്റായിരുന്ന സമയത്തെ ആദ്യ ഊഴത്തിൽ രഹസ്യ സ്വഭാവമുള്ള ഫയലുകൾ തെറ്റായി കൈകാര്യം ചെയ്തതിനും 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിനുമായിരുന്നു ട്രംപിനെതിരെ ഗുരുതര കുറ്റങ്ങൾ ആരോപിച്ച കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പിൻവലിക്കുന്നതായി നിലവിലെ ഭരണകൂടം വാഷിങ്ടണിലെ ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

വൈറ്റ് ഹൗസിൽ നിന്ന് സുപ്രധാന ഫയലുകൾ തന്റെ സ്വകാര്യ വസതിയായ മാറ-ലാഗോയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട 37 കേസുകളിൽ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം കോടതി കണ്ടെത്തിയിരുന്നു. ഈ ഫയലുകൾ എഫ്ബിഐ വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിച്ചുവെന്നായിരുന്നു ആദ്യത്തെ കേസ്.

2020 ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായി നടത്തിയ ശ്രമങ്ങളിലും ക്യാപിറ്റോൾ കലാപത്തിനുമായിരുന്നു രണ്ടാമത്തെ കേസ്. പ്രസിഡന്റായി ട്രംപ്
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അന്വേഷണം നയിച്ചിരുന്ന സ്പെഷ്യൽ കോൺസൽ ജാക്ക് സ്മിത്ത് കേസ് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പ്രസിഡന്റായി ട്രംപ് ചുമതലയേൽക്കുന്നതിന് മുൻപ് ഇത് പൂർത്തിയാക്കേണ്ടത് യുഎസ് ഭരണഘടന പ്രകാരം അനിവാര്യമാണ്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ട ട്രംപ് 2020 ലെ തോൽവി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല.

About The Author