Spread the love

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ച മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. പത്തനാപുരം സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പൊലീസ് ഇവരുടെ വീടുകളില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

അമ്മുവിനെ സഹപാഠികളില്‍ ചിലര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് സജീവ് നേരത്തെ കോളജ് പ്രന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോളജ് ഈ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എന്‍എസ്എസ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റര്‍ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം.

5.18 ന് ആശുപത്രിയില്‍ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ വിട്ടത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ 37 മിനിറ്റാണ്. ഇതിനിടയില്‍ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്‌സ്‌റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു.ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേജിലേക്ക് റഫര്‍ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററില്‍ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലന്‍സില്‍ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസില്‍ ആരോപണ വിധേയരായ മൂന്ന് കുട്ടികളില്‍ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലില്‍ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം, കുടുംബത്തിന്റെ ആരോപണം തള്ളി പത്തനംതിട്ട എന്‍എസ്എസ് ഹോസ്റ്റല്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഹോസ്റ്റലില്‍ ഒരുതരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഹോസ്റ്റല്‍ വാഡന്‍ സുധ പറഞ്ഞു. അമ്മു ഒരുതരത്തിലുള്ള മാനസിക പീഡനവും ഹോസ്റ്റലില്‍ നേരിടുകയോ ഏതെങ്കിലും പ്രശ്‌നമുള്ളതായി പരാതി പറയുകയോ ചെയ്തിട്ടില്ലെന്ന് ഹോസ്റ്റല്‍ വാഡന്‍ കൂട്ടിച്ചേര്‍ത്തു.കുട്ടികള്‍ പറഞ്ഞാണ് അമ്മു കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു എന്ന കാര്യം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വരാനുള്ള കാലതാമസം മാത്രമാണ് എടുത്തതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നും സുധ പറഞ്ഞു.

About The Author