നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഐഎം നടത്തിയത്. സിപിഐഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്.
പത്തനംതിട്ടയിലെ സിപിഐഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാം സിപിഎമ്മിന്റെ തട്ടിപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്.
ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവർക്ക് മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.