ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭൂരിപക്ഷം മറികടന്നു. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സീറ്റ് എന്ന നിലയിലേക്കാണിപ്പോൾ ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൻ കുതിപ്പ് നടത്തുന്ന എൻഡിഎയ്ക്ക് 288 സീറ്റുകളിൽ 223 ആണ് ലീഡ് നില. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) 63 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം പിന്നിൽ തന്നെ തുടരുകയാണ്. മഹരാഷ്ട്രയിലെ ഫലം അവിശ്വസനീയം എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ആകെ 4,136 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്, 2019 ലെ തിരഞ്ഞെടുപ്പിൽ 3,239 സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. ഇതിൽ 2086 പേർ സ്വതന്ത്രരായിരുന്നു. 150-ലധികം സീറ്റുകളിൽ വിമതർ മത്സരരംഗത്തുണ്ടായിരുന്നു.
മഹാരാഷ്ട്രയിൽ, നവംബർ 20 നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019 ൽ 61 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ സിപിഎം ദഹാനു കൾവൻ എന്നീ രണ്ട് മണ്ഡലങ്ങളിൽ മുന്നിൽത്തന്നെ തുടരുകയാണ്.