Spread the love


ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും സമൂഹ മാധ്യമങ്ങളിൽ വൈകാരിക കുറിപ്പും താരം പങ്കുവച്ചിരുന്നു.

ഇതിന് മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് നമ്മള്‍ മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്‍റെ കുറിപ്പിലൂടെ അഭിനന്ദനവും അറിയിച്ചു.

കൂടാതെ രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്‍റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ കരുത്ത് കാട്ടാനും ഞാൻ പ്രാർഥിക്കുന്നു. ജയ് ഹിന്ദ്.’’–മോഹൻലാലിന്റെ വാക്കുകൾ.

About The Author