കോൺഗ്രസിനെയും സാദിഖലി തങ്ങളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് കോൺഗ്രസിന് മൃദു സമീപനമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പല കോൺഗ്രസുകാർക്കും വർഗീയ നിലപാടാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർ എസ് എസുകാരനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാണക്കാട് തങ്ങൾക്ക് എതിരായ പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പറഞ്ഞത് മുസ്ലീം ലീഗ് പ്രസിഡൻ്റിനെ കുറിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലിയെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കൾ പറഞ്ഞാൽ നാട് അംഗീകരിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐയെയും ജമാത്തെ ഇസ്ലാമിയെയും മാത്രമല്ല ആർഎസ്എസിനേയും സിപിഐഎം എതിർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കലാപത്തിൽ സിപിഐഎം പ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വയനാടിൽ പ്രിയങ്കഗാന്ധിക്ക് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വർഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് പറയാൻ എന്താണ് മടിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തലശ്ശേരിയിലെ ഉപതെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പിന്തുണവേണ്ടെന്ന് സിപിഐഎം പരസ്യമായി പറഞ്ഞു. എസ്ഡിപിഐ മാത്രമാണൊ ജമാത്തെ ഇസ്ലാമിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചില്ലേ, എന്നിട്ട് സിപിഐഎം ഒലിച്ച് പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
തരിഗാമിയെ പരാജയപ്പെടുത്താൻ ജമാത്തെ ഇസ്ലാമി രംഗത്തിറങ്ങിട്ടും തരിഗാമി ജയിച്ചു വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ കേന്ദ്ര സഹായം ലഭിച്ചില്ലങ്കിലും പുനരധിവാസം നടപ്പാക്കും. സർക്കാർ നൽകിയ ഉറപ്പാണതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂർ അക്ഷരാർത്ഥത്തിൽ കത്തുന്നു. അവിടെ ഒരു സർക്കാരുണ്ടൊയെന്നും അവിടുത്തെ മുഖ്യമന്ത്രി മോദിയുടേയും ബിജെപിയുടേയും സംരക്ഷണയിൽ അല്ലേ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.