നടൻ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘പ്രിയപ്പെട്ട മേഘനാഥന് നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്. പഞ്ചാഗ്നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നടൻ മേഘനാദന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാദന് ആദരാഞ്ജലികള്‍’- എന്ന അടിക്കുറിപ്പോടെ മേഘനാദന്റെ ചിത്രം പങ്കുവച്ചാണ് സുരേഷ്ഗോപി അനുശോചനം അറിയിച്ചത്.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘനാഥന്റെ അന്ത്യം. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.